ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 48 സ്ഥാനാര്‍ത്ഥികളുടെ അടുത്തപട്ടിക കൂടി പുറത്തിറക്കി ബിജെപി. കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാ സീറ്റില്‍ സ്വതന്ത്രയായി മത്സരിക്കുന്ന മുന്‍ സിനിമാ താരം സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ച ഉമാ ഭാരതിക്ക് പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്കി.
ഇന്ന് പുറത്തിറക്കിയ നാലാംഘട്ട പട്ടികയോടെ 286 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ, മാണ്ഡ്യ ലോക്സഭാ സീറ്റില്‍ സ്വതന്ത്രയായി മത്സരിക്കുന്ന മുന്‍ സിനിമാ താരം സുമലതയെ പിന്തുണയ്ക്കുമെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് സുമലത ഒരിക്കലും ബിജെപിയെ സമീപിച്ചിരുന്നില്ല, പിന്തുണയ്ക്കായി സുമലത കോണ്‍ഗ്രസിനെയാണ് ആദ്യം സമീപിച്ചത്, എന്നാല്‍ സിറ്റിംഗ് സീറ്റെന്ന നിലയില്‍ സഖ്യകക്ഷിയായ ജെഡിഎസിന് മാണ്ഡ്യ അനുവദിച്ചതിനാല്‍ ഈ ആവശ്യം അവര്‍ നിരസിച്ചു.
നോര്‍ത്ത് ഗോവാ സീറ്റില്‍ ശ്രീപദ് നായിക് മത്സരിക്കും. മധ്യപ്രദേശില്‍ ചില സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇത്തവണയും പട്ടികയിലില്ല. ഫഗന്‍ സിംഗ് ഖുലസ്തെ മാണ്ഡലയിലും സുധീര്‍ ഗുപ്ത മാന്ഡ്സോറിലും മല്‍സരിക്കും. ജാര്‍ഖണ്ഡിലെ ഖുണ്ഡിയില്‍ അര്ജുന് മുണ്ടെയും ഹസാരിബാഗില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും മല്‍സരിക്കും. അനുരാഗ് ഠാക്കൂറിനെ ഹിമാചലിലെ ഹാമിര്‍പൂരില്‍ നിലനിര്‍ത്തി.
Discussion about this post