വയനാട് മണ്ഡലം രാഹുല്‍ തെരഞ്ഞെടുക്കാന്‍ കാരണം മായാവതിയോ?

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന അപ്രതീക്ഷിത പ്രഖ്യാപനത്തിനു സ്ഥിരീകരണം വന്നില്ലെങ്കിലും, ഏറെക്കുറെ ദേശീയമത്സരം നടക്കുമെന്ന് ഉറപ്പായതോടെ കാരണങ്ങള്‍ തേടുകയാണ് ഓരോരുത്തരും. സോഷ്യല്‍മീഡിയയിലും ദേശീയതലത്തിലും വയനാട് മണ്ഡലം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അമേഠിക്കു പുറമെ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മല്‍സരിക്കണമെന്ന ആവശ്യം ദേശീയ നേതൃത്വത്തില്‍ സജീവ ചര്‍ച്ചയായതിനു പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുലിനെ ഏത് തന്ത്രം പ്രയോഗിച്ചിട്ടാണെങ്കിലും പരാജയപ്പെടുത്തണമെന്ന ഒറ്റ ലക്ഷ്യത്തിനായി അമേഠിയില്‍ ബിജെപി കിണഞ്ഞുശ്രമിക്കുന്നതും, മണ്ഡലത്തില്‍ സ്വാധീനമുള്ള മായാവതിയുടെ ബിഎസ്പി കാലുവാരുമോ എന്ന സംശയവും കോണ്‍ഗ്രസിനുണ്ട്.

അമേഠിയിലും സോണിയ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നു എസ്പി – ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിപദത്തില്‍ നോട്ടമിട്ടിരിക്കുന്ന മായാവതി വോട്ട് മറിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ കൂടി രാഹുല്‍ മല്‍സരത്തിനിറങ്ങുന്നത് മേഖലയില്‍ കോണ്‍ഗ്രസിനു മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലാണു മറ്റൊരു കാരണം.

നേരത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയെ ക്ഷണിക്കുകയും കര്‍ണാടകയില്‍ നിന്നും അടുത്ത പ്രധാനമന്ത്രി ഉയര്‍ന്നുവരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version