ചണ്ഡീഗഡ്: 48 മണിക്കൂര്‍ നീണ്ട കഠിനപരിശ്രമങ്ങള്‍ക്ക് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരന് ജീവിതത്തിലേക്ക്. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ഒന്നര വയസ്സുകാരന് നദീം ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണു കുഞ്ഞുനദീം കളിക്കുന്നതിനിടെ, തുറന്നു കിടന്നിരുന്ന കുഴല്‍ക്കിണറിലേക്കു വീണത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സൈന്യത്തിലെ വിദഗ്ധരും ചേര്‍ന്ന നീണ്ട ദൗത്യത്തിനൊടുവില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ അവനെ പുറത്തെത്തിക്കുകയായിരുന്നു.
കുഴല്‍ക്കിണറില്‍ നിന്ന് 20 അടി മാറി മറ്റൊരു കിണര്‍ ആദ്യം കുഴിച്ചു. ഇതില്‍ നിന്ന് നദീം വീണു കിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും നിര്‍മ്മിച്ചു. ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വഴി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയത്. കഴിക്കാനായി ബിസ്ക്കറ്റും, ജ്യൂസും നല്കി. ശ്വാസംമുട്ടാതിരിക്കാന്‍ ഓക്സിജന്‍ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോള്‍ യന്ത്രങ്ങള്‍ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കിയത്. ഒടുവില്‍ കിണറ്റില്‍ നിന്നും കയറ്റിയ കുഞ്ഞ് കണ്ണുതുറന്നതോടെയാണ് ഗ്രാമത്തിനാകെ ആശ്വാസമായത്.
Discussion about this post