ബംഗളൂരു: പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരിന്‍ നടന്‍ പ്രകാശ് രാജിനെതിരേ കേസെടുത്തു. ബംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന പ്രകാശ് രാജിനെതിരേയാണ് തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രകാശ് രാജ് മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ത്ഥിച്ചു എന്നതാണ് പരാതി.
പ്രകാശ് രാജ് മാര്‍ച്ച് 12നാണ് മഹാത്മാഗാന്ധി സര്‍ക്കിളില്‍ പൊതു പരിപാടിയില്‍ മൈക്ക് ഉപയോഗിച്ച് സംസാരിച്ചത്. മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്നതായിരുന്നു പരിപാടിയിലെ വിഷയം. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും പങ്കെടുത്ത ചടങ്ങില്‍ പ്രകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തി എന്നാണ് പരാതി.
പ്രകാശ് രാജ് വോട്ടഭ്യര്‍ത്ഥന നടത്തിയ പ്രസംഗം ചിലര്‍ റെക്കോഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കുകയും ചെയ്തിരുന്നു. നടന്‍ പ്രകാശ് രാജിന് പുറമെ പരിപാടിയുടെ സംഘാടകരായ കെ പ്രവീണ്‍, അഭിലാഷ് സിഎസ് എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുന്നത്.