ന്യൂഡല്‍ഹി: മാനവികതയ്ക്കും രാജ്യാന്തര സമൂഹത്തിന്റെ സഹകരണത്തിനും മാതൃകയായി ഇന്ത്യന്‍ നാവിക സേനയുടെ ഇടപെടല്‍. ഇദായ് ചുഴലിക്കാറ്റ് നാശം വിതച്ച മൊസാംബിക്കിലേക്ക് ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത്. മാര്‍ച്ച് പതിനഞ്ചാം തീയതി വീശിയടിച്ച ഇദായ് മൊസാംബിക്ക് തീരപ്രദേശത്തെ തകര്‍ത്തുകളയുകയായിരുന്നു. ഇവിടെയ്ക്ക് ആദ്യഘട്ടത്തില്‍ തന്നെ സഹായവുമായി എത്തിയതാകട്ടെ ഇന്ത്യന്‍ നാവികസേനയും.
ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ ഒന്നാം സേനാചതുരതിലെ കപ്പലുകളിലേക്ക് സംഭവസമയത്ത് മൊസാംബിക്ക് സര്‍ക്കാരില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സന്ദേശമെത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നാവിക സേനാ വ്യൂഹത്തിലെ കപ്പലുകളായ സുജാത, സാരഥി, ശാര്‍ദ്ദൂല്‍ തുടങ്ങിയവ അടിയന്തിര സഹായ സജ്ജീകരണങ്ങളുമായി മൊസാംബിക്കിലെ പോര്‍ട്ട് ബെയ്രയിലേക്ക് കുതിക്കുകയായിരുന്നു.
ഇദായ് മൊസാംബിക്കിന്റെ ഉത്തര-മദ്ധ്യ മേഖലാ പ്രവിശ്യകളില്‍ വലിയതോതില്‍ നാശനഷ്ടങ്ങളും ആള്‍നാശവും വരുത്തിവെച്ചിരുന്നു. ബെയ്‌റ നഗരത്തില്‍ മാത്രം 5000 ആളുകളാണ് നിമിഷങ്ങള്‍കൊണ്ട് സകലതും നഷ്ടപ്പെട്ടവരായി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നത്.
മാര്‍ച്ച് പതിനെട്ടാം തീയതി രാവിലെ ഐഎന്‍എസ് സുജാതയും ഐസിജിഎസ് സാരഥിയും രക്ഷാപ്രവര്‍ത്തന സന്നാഹങ്ങളുമായി പോര്‍ട്ട് ബെയ്രയിലെത്തി. മാര്‍ച്ച് പത്തൊന്‍പതാം തീയതിയാണ് ഐഎന്‍എസ് ശാര്‍ദ്ദൂല്‍ പോര്‍ട്ട് ബെയ്രയിലെത്തിയത്. പ്രാദേശിക ഭരണകൂടവുമായി അടിയന്തിരമായി ബന്ധപ്പെട്ട ഇന്ത്യന്‍ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിലും ആസൂത്രിതമായ ദുരന്ത നിവാരണത്തിലും ഏര്‍പ്പെടുകയായിരുന്നു.
കൃത്യമായ ആശയവിനിമയങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്ന ഇന്ത്യന്‍ നാവികസേന, മൊസാംബിക് പ്രതിരോധ സേനകളോടൊപ്പം സംയുക്തമായി ഭക്ഷണം, മരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ദുരന്തബാധിതര്‍ക്ക് കൃത്യമായി എത്തിച്ചു കൊടുക്കുന്നതിലും സജീവമാണ്. ശുദ്ധജലവിതരണത്തിന്റെ സജ്ജീകരണങ്ങളും നാവികസേന കൃത്യമായി വിലയിരുത്തുന്നുണ്ട്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മൊസാംബിക് പ്രതിരോധ വകുപ്പ് മന്ത്രി ഇന്ത്യന്‍ നാവിക സേനയുടെ ആത്മാര്‍പ്പണത്തെ പ്രകീര്‍ത്തിച്ചു.