ന്യൂഡല്‍ഹി: രണ്ടാഴ്ചയ്‌ത്തെ ഇടവേളയ്ക്കു ശേഷം ഹാക്കര്‍മാര്‍ പണികൊടുത്ത ബിജെപിയുടെ വെബ്‌സൈറ്റ് തിരിച്ചുകിട്ടി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയുമായാണ് www.bjp.org വെബ്‌സൈറ്റ് 16 ദിവസങ്ങള്‍ക്ക് ശേഷം പുനരവതരിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥി പട്ടികയല്ലാതെ മറ്റൊന്നും പുതുക്കിയ വെബ്‌സൈറ്റില്‍ ഇല്ല.
ഇതോടെ സ്ഥാനാര്‍ത്ഥി പട്ടിക മാത്രം ഉപയോഗിച്ച് വെബ്‌സൈറ്റ് തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് മനസിലാകുന്നത്. ഫിര്‍ ഏക് ബാര്‍ മോഡി സര്‍ക്കാര്‍ എന്ന വലിയ ബാനറും അതിന് കീഴെ സ്ഥാനാര്‍ത്ഥി പട്ടികയും എന്ന നിലയിലാണ് ഇപ്പോള്‍ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്.
ഈ മാസം അഞ്ചാം തീയതിയായിരുന്നു ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bjp.org ഹാക്കര്‍മാര്‍ തകര്‍ത്തത്. ഇത്തരം ആക്രമണങ്ങളില്‍ സാധാരണ സംഭവിക്കുന്നത് പോലെ ഹോം പേജ് വികൃതമാക്കുക മാത്രമാണ് നടന്നത് എന്ന് കരുതിയെങ്കിലും ഇത് തെറ്റാണെന്ന് വൈകാതെ വ്യക്തമാകുകയായിരുന്നു. ഇനിയും വെബ്‌സൈറ്റ് പൂര്‍ണ്ണതോതില്‍ തിരിച്ചുകൊണ്ടു വരാന്‍ ബിജെപി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുകയാണ്.
ആരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങളാണ് നഷ്ടപ്പെട്ടതെന്നോ ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും വെബ്‌സൈറ്റ് പൂര്‍ണ്ണമായി അല്ലെങ്കിലും തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചു എന്ന ആശ്വാസത്തിലാണ് ബിജെപി ഐടി സെല്‍.
സുശക്തമായ ഐടി വിഭാഗമുള്ള ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ട്രോളന്മാര്‍ക്ക് ചിരിപൂരമൊരുക്കാന്‍ അവസരം നല്‍കിയിരുന്നു. ഫ്രഞ്ച് ഐടി വിദഗ്ധനും എലിയട്ട് ആള്‍ഡേഴ്‌സണ്‍ എന്ന അപരനാമധാരിയുമായ ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് അടക്കം ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് വരെ സഹായവാഗ്ദാനവുമായി ട്വിറ്ററില്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
Discussion about this post