കറാച്ചി: ”എന്റെ അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിന് ആര് മറുപടി പറയും? ആരാണവരെ കൊന്നത്?ഈ വിധി എന്റെ ജീവനെടുക്കുന്നതിന് തുല്ല്യമാണ്. ഈ കേസില്‍ സാക്ഷി പറയാന്‍ പോലും എന്നെ ആരും അനുവദിച്ചില്ല”- പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ 61കാരന് റാണ ഷൗക്കത്ത് അലി തൊണ്ടയിടറി കൊണ്ട് പറയുന്നു. സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ അഞ്ച് മക്കള്‍ വെന്തുമരിക്കുന്നതിന് ദൃക്സാക്ഷിയാകേണ്ടി വന്ന നിര്‍ഭാഗ്യവാനാണ് ഷൗക്കത്ത് അലി. കഴിഞ്ഞദിവസം വന്ന കേസിലെ വിധിയില്‍ പഞ്ച്ഗുളയിലെ പ്രത്യേക എന്‍ഐഎ കോടതി പ്രതി അസീമാനന്ദ ഉള്‍പ്പടെ നാലുപേരേയും വെറുതെ വിട്ടിരുന്നു. ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്, രജീന്ദര്‍ ചൗധരി, എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികള്‍.
2007 ഫെബ്രുവരി 18ന് നടന്ന സംഝോത എക്സ്പ്രസിലുണ്ടായ സ്ഫോടനത്തില്‍ പാകിസ്താന് പൗരന്മാരുള്പ്പടെ 68 പേരാണ് കൊല്ലപ്പെട്ടത്. 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇന്നലെ വിധി പ്രസ്താവിച്ച കോടതി, പാകിസ്താനില്‍ നിന്നുള്ള 13 ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന ഹര്‍ജി തള്ളിയിരുന്നു. ഈ ദൃക്സാക്ഷികളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് അഞ്ചുമക്കളെ നഷ്ടപ്പെട്ട ഷൗക്കത്ത് അലിയും. കേസിന്റെ ആവശ്യത്തിനായി ഷൗക്കത്ത് അലിയും ഭാര്യ റുബ്സാനയും മൂന്ന് തവണ ഇന്ത്യയിലേക്ക് പിന്നെയും വന്നു. എന്നാല്‍ ഇന്ത്യയിലേയോ പാകിസ്താനിലേയോ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴിയെടുക്കാന്‍ തയ്യാറായില്ല. തനിക്ക് കോടതിയില്‍ വാദിക്കാനാകുമായിരുന്നെങ്കില് കേസിന്റെ വിധി മറ്റൊന്നാകുമായിരുന്നെന്ന് ഷൗക്കത്ത് അലി ഉറപ്പിച്ച് പറയുന്നു.
ഹിന്ദു ആണെങ്കിലും മുസ്ലിം ആണെങ്കിലും അവര്‍ കുഞ്ഞുങ്ങളായിരുന്നില്ലേ? എന്തിനാണ് അവരെ കൊന്നുകളഞ്ഞതെന്ന് കണ്ണീരോടെ റുബ്സാന ചോദിക്കുന്നു.
ഷൗക്കത്ത് അലിയും ഭാര്യ റുബ്സാനയും ഡല്‍ഹിയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് 2007 ഫെബ്രുവരി 18ന്
സംഝോത എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങവേയാണ് സ്ഫോടനമുണ്ടായത്. ഷൗക്കത്ത് അലിയും കൈക്കുഞ്ഞുമായി ട്രെയിനില്‍ നിന്നും എടുത്ത് ചാടിയ ഭാര്യ റുബ്സാനയും മാത്രമാണ് രക്ഷപ്പെട്ടത്. അന്ന് കൈക്കുഞ്ഞായിരുന്ന അക്സ ഷെഹ്സാദി ഇന്ന് പന്ത്രണ്ടുവയസുകാരിയാണ്. ഇന്നവള്‍ക്ക് കൂട്ടിനായി കുഞ്ഞനിയത്തി കൂടിയുണ്ട് എഴു വയസുകാരി ഖജിജ.
ഷൗക്കത്ത് അലിയുടെയും റുബ്സാനയുടെയും മക്കളായ അയിഷ തബസ്സും(16), റാണ മുഹമ്മദ് ബിലാല്‍(12),റാണ മുഹമ്മദ് ആമിര്‍(11),അസ്മ ഷെഹ്സാദി(8) തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. അന്ന് അയിഷ തബസ്സും പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധി ആഘോഷത്തിലായിരുന്നു. ട്രെയിനില്‍ പാട്ടുപാടിയും നൃത്തം ചെയ്തും കുട്ടികള്‍ ബഹളം വെയ്ക്കവേ അപ്രതീക്ഷിതമായാണ് ഉഗ്രസ്ഫോടനം നടന്നത്. നിറഞ്ഞ പുകമാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഷൗക്കത്ത് അലി ട്രെയിനില്‍ നിന്നും എടുത്തുചാടുന്നതു കണ്ട് കൈക്കുഞ്ഞുമായി റുബ്സാനയും പുറത്തേക്ക് ചാടുകയായിരുന്നു.
പുകയും ചാരവും കാരണം മക്കളെ തിരയാനോ സഹായത്തിനായി ആരേയും സമീപിക്കാനോ പോലും സാധിച്ചില്ലെന്ന് റുബ്സാന ഓര്‍ക്കുന്നു. സ്ഫോടനത്തില്‍ ബാക്കിയായത് വെന്തുമരിച്ച തന്റെ കുഞ്ഞുങ്ങളായിരുന്നെന്ന് ഷൗക്കത്ത്അലി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഒപ്പം സംശയാസ്പദമായി പെരുമാറിയ രണ്ട് സഹയാത്രികരേയും ഷൗക്കത്ത് അലി ഓര്‍ത്തെടുക്കുന്നുണ്ട്. അഹമ്മദാബാദിലേക്ക് പോവുകയാണെന്ന് പറഞ്ഞ ആ രണ്ട് യുവാക്കളോട് റെയില്‍വേ പോലീസ് നിങ്ങളെന്താണ് ലാഹോര്‍ ട്രെയിനില്‍ കയറിയിരിക്കുന്നതായി ചോദിച്ചതായും സ്ഫോടനമുണ്ടാവുന്നതിന് 10-15 മിനിറ്റ് മുമ്പ് ഇവര്‍ ഇറങ്ങിപ്പോയതായും ഷൗക്കത്ത് അലി വിശദീകരിച്ചു. എന്നാല്‍ ഇത്രയേറെ വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും അവരെ താന്‍ തിരിച്ചറിയുമെന്ന് പറഞ്ഞിട്ടും ആരും തന്റെ വാക്കുകള്‍ ചെവികൊണ്ടില്ലെന്ന് ഷൗക്കത്ത്അലി നിരാശയോടെ പറയുന്നു.
നോര്‍ത്തേണ്‍ റെയില്‍വെ നഷ്ടപരിഹാരമായി 20 ലക്ഷം രൂപ കൈമാറിയെന്നും ഇത് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായും ഉപജീവനമാര്ഗത്തിനായും മാറ്റിവെച്ചിരിക്കുകയാണെന്നും ഈ പിതാവ് പറഞ്ഞു.
Discussion about this post