ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ കൈകടത്തില്ലെന്ന് കേന്ദ്രം. അതോടൊപ്പം എല്ലാ സ്ഥാപനങ്ങളും പൊതുതാല്‍പര്യം സംരക്ഷിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു
മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ആര്‍ബിഐക്ക് രണ്ടു കത്തുകള്‍ നല്‍കിയിരുന്നു.
റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജന താല്പര്യാര്‍ത്ഥമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയ്ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.