മോഡി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ല: ചൈനയോ റഷ്യയോ പോലെയാവും ഇന്ത്യ; അശോക് ഗാഹ്‌ലോത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം ഇനിയൊരു തിരഞ്ഞെടുപ്പ് കാണില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗാഹ്‌ലോത്ത്. രാജ്യം പിന്നീട് ചൈനയുടേയും റഷ്യയുടേയും പാതയിലായിരിക്കും നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യവും ജനാധിപത്യവും മോഡിക്ക് കീഴില്‍ അപകടാവസ്ഥയിലാണ്. ഇനിയും അധികാരത്തിലെത്താന്‍ മോഡി എന്തും ചെയ്യും. വേണ്ടി വന്നാല്‍ ലക്ഷ്യം നേടാനായി പാകിസ്താനുമായി യുദ്ധത്തിനും അദ്ദേഹം തയ്യാറാവും. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും വിജയിക്കുന്നതിനായി ഏതുവരേ പോകാനും അദ്ദേഹം തയാറാകും. ചുരുക്കത്തില്‍ അമിത് ഷായ്ക്കുപോലും അറിയില്ല അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന്.- ഗാഹ്‌ലോത്ത് പറഞ്ഞു.

ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഏപ്രില്‍ പതിനൊന്നിന് കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ വരാനിരിക്കെയാണ് പ്രസ്താവനകളിലൂടെയുള്ള ഇരുപാര്‍ട്ടികളുടേയും യുദ്ധം.

‘ജനങ്ങള്‍ വീണ്ടും മോഡിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍, അതിന് ശേഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. പിന്നീട് ചൈനയോ റഷ്യയോ പോലെ ആയിരിക്കും നമ്മുടെ രാജ്യവും. പാര്‍ട്ടി നിയമം അനുസരിച്ചായിരിക്കും അധികാരം കൈമാറുക. പ്രധാനമന്ത്രിയേയും രാഷ്ട്രപ്രതിയേയുമെല്ലാം അവരാകും തീരുമാനിക്കുക’.-വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ഗാഹ്‌ലോത്ത്.

Exit mobile version