മൈസൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി 26 ലക്ഷം മഷിക്കുപ്പി തയ്യാറാക്കി മൈസൂര്‍. മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷിങ് ലിമിറ്റഡ് ആണ് തെരഞ്ഞെടുപ്പിനായി മഷി നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന് കീഴിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണിത്.
1962 ന് ശേഷമുളള എല്ലാ തെരഞ്ഞെടുപ്പുകളിലും മഷി വിതരണം ചെയ്യുന്നത് മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷിങ് ലിമിറ്റഡ് ആണ്. 26 ലക്ഷം മഷിക്കുപ്പികള്‍ നിര്‍മ്മിച്ചതോടെയാണ് ഉല്‍പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഇലക്ഷന് 22 ലക്ഷം മഷിക്കുപ്പിയാണ് നിര്‍മ്മിച്ച് നല്‍കിയത്.
രാജ്യത്തെ 90 കോടി ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ മഷിയാണ് എംപിവിഎല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. 400 വോട്ടര്‍മാര്‍ക്ക് ഒരുകുപ്പി മഷി എന്ന നിരക്കിലാണ് നിര്‍മ്മാണം. 26 ലക്ഷം മഷിക്കുപ്പിക്ക് 33 കോടി രൂപയാണ് ചെലവ്. തെരഞ്ഞെടുപ്പിന് ആവശ്യമായ മഷി നിര്‍മ്മാണം കമ്പനി ഡിസംബര്‍ മുതലാണ് ആരംഭിച്ചത്. ജീവനക്കാര്‍ വിവിധ ഷിഫ്റ്റുകളായി മണിക്കൂറുകളോളം ജോലി ചെയ്താണ് മഷി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഫിസിക്കല്‍ ലബോര്‍ട്ടറിയുടെ സഹായത്തോടെ പ്രത്യേക കെമിക്കലുകളാണ് മഷി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.
Discussion about this post