ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഡോ ഊര്‍ജിത് പട്ടേലിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ധനമന്ത്രാലയത്തിലെയും റിസര്‍വ് ബാങ്കിലെയും ഉന്നതര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.
ഇന്നുവരെ ഒരു സര്‍ക്കാരും ഉപയോഗിച്ചിട്ടില്ലാത്ത് റിസര്‍വ് ബാങ്ക് നിയമത്തിലെ ഏഴാംവകുപ്പ് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് റിസര്‍വ് ബാങ്കിനു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങിയതാണു രാജിഭീഷണിയിലേക്കു നയിച്ചത്. ബാങ്കിതര ധനകാര്യ കമ്പനികള്‍ക്കു പണലഭ്യത കൂട്ടുക, ദുര്‍ബല ബാങ്കുകളുടെ മൂലധന വ്യവസ്ഥയില്‍ ഇളവു നല്‍കുക, ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുക എന്നീ വിഷയങ്ങളില്‍ കേന്ദ്രം ഇതനുസരിച്ചു നിര്‍ദേശങ്ങള്‍ നല്‍കി.
ഇതാണു കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ ഇടപെടലിനെ വിമര്‍ശിച്ചു പ്രസംഗിക്കാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയെ പ്രേരിപ്പിച്ചത്. പ്രസംഗത്തിന്റെ ഉള്ളടക്കം ഗവര്‍ണര്‍ പട്ടേലിന്റെ ആശയങ്ങളും അഭിപ്രായങ്ങളുമായിരുന്നു. ഈ തുറന്നു പറച്ചിലില്‍ ധനമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദുര്‍ബല ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രത്തിനു രസിച്ചിട്ടില്ല. റിസര്‍വ് ബാങ്കിന്റെ മിച്ചധനത്തില്‍ ഒരു ഭാഗം ധനകമ്മി നികത്താന്‍ നല്‍കണമെന്നു കേന്ദ്രം ആവശ്യപ്പെടുന്നതിനോടു റിസര്‍വ് ബാങ്കും യോജിക്കുന്നില്ല.
ഡോ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണം ഇല്ലാതാക്കുന്നവിധമുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണിത്. റിസര്‍വ് ബാങ്കിന്റെ 3.6 ലക്ഷം കോടിയുടെ മിച്ച പണം പിടിച്ചെടുക്കാനും കടക്കെണിയിലായ ചില കന്പനികളെ രക്ഷിക്കാനായി വായ്പ ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതിനെ ഗവര്‍ണര്‍ ചെറുത്തുവരികയായിരുന്നു.
Discussion about this post