ആഗ്ര: കേന്ദ്ര സര്‍ക്കാറിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ലഭിച്ച 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരികെ നല്‍കിയാണ് ആഗ്രയിലെ ഒരു കര്ഷകന് സര്‍ക്കാറിന് എതിരെ പ്രതിഷേധിച്ചത്. കടക്കെണിയിലായ തന്നെ സഹായിക്കാത്ത മുഖ്യമന്ത്രിക്ക് ഈ തുക അയച്ചിട്ടുണ്ടെന്നാണ് കര്‍ഷകനായ പ്രദീപ് ശര്‍മ്മ പറഞ്ഞത്.
സര്‍ക്കാറിന് തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ ‘സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം’ എന്നാണ് പ്രദീപ് ശര്‍മ്മ ആവശ്യപ്പെടുന്നത്. ഉരുളക്കിഴങ്ങ് കര്‍ഷകനായ തനിക്ക് 35 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടെന്നും കുടുംബത്തോടൊപ്പം ഇപ്പോഴള്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും വീട്ടുചെലവുകള് കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ടുകയാണെന്നും പ്രദീപ് പറഞ്ഞു.
2016ല്‍ കൃഷി നാശം സംഭവിച്ചപ്പോള്‍ ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാറിനും കത്തെഴുതി. എന്നാല്‍ ഇതുവരെ അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ കാണാന്‍ ഡല്‍ഹിയില്‍ പോയെങ്കിലും അവിടെ നിന്നും വെറുംകയ്യോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ കടബാധ്യതയുള്ള തന്റെ അമ്മാവന് ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ പ്രശ്നങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും യാതൊരു പ്രതികരണവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കര്‍ഷകനായ സഞ്ജയ് ഈ സീസണില്‍ 750 കിലോഗ്രാം ഉള്ളിയാണ് കൃഷി ചെയ്തത്. എന്നാല്‍ കിലോയ്ക്ക് ഒരു രൂപയാണ് നിപദ് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഈയാഴ്ച പറഞ്ഞത്. ഒടുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് കിലോയ്ക്ക് 1.40 എന്ന തോതിലാണ് ഇയാള്‍ ഉള്ളി വിറ്റത്. 1064 രൂപയാണ് 750 കിലോഗ്രാമിന് കിട്ടിയത്.
Discussion about this post