മുംബൈ: ഈ യുവതികളും കുടുംബവും ഒരു മാതൃകയാണ്. മതത്തിനപ്പുറം ചിന്തിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പോരാളികള്‍. മുംബൈയിലെ രണ്ട് വ്യത്യസ്ത മതങ്ങളില്‍ പെടുന്നവര്‍ അവയവദാനത്തിലൂടെ ഒന്നായ കഥയാണ് ഇത്. ഹിന്ദു മതത്തിലേയും മുസ്ലിം മതത്തിലേയും വിശ്വാസികളായ യുവതികള്‍ അവരവരുടെ ഭര്‍ത്താക്കന്മാരെ രക്ഷിക്കാനായി വൃക്കദാനത്തിന് ഇറങ്ങിത്തിരിച്ച് വിജയം വരിച്ചിരിക്കുകയാണ്. സിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രകിര്യ വിജയകരമായി പൂര്‍ത്തിയാക്കിയത്.
താനെയിലെയും ബിഹാറിലെയും രണ്ട് കുടുംബങ്ങള്‍ വൃക്കരോഗ ചികിത്സയ്ക്കായിആറുമാസം മുമ്പാണ് നെഫ്രോളജിസ്റ്റിനെ കാണാനായി എത്തിയത്. അതുവരെ പരസ്പരം മുന്‍പരിചയമില്ലാത്ത അവര്‍ പിന്നീട് കഴിഞ്ഞ ആഴ്ചയിലെ വൃക്ക ശസ്ത്രക്രിയയിലൂടെ ഉറ്റ ബന്ധുക്കളേക്കാള്‍ അടുത്തവരായി. ഹൃദയത്തോട് ചേര്‍ത്തു നില്‍ക്കുന്നവരായി. നിയമത്തിന്റെ നൂലാമാലകളെ ഇരു കുടുംബവും താണ്ടിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. പിന്നീട് സെയ്ഫീ അശുപത്രിയില്‍ വെച്ച് ഇരുരോഗികളുടെയും ഭാര്യമാര്‍ വൃക്കകള്‍ ദാനം ചെയ്തു. താനെയിലെ നദീമിന് കിഡ്‌നി നല്‍കിയത് ബിഹാറിലെ രാംസ്വാര്‍ത്ഥ് യാദവിന്റെ ഭാര്യ സത്യദേവിയാണ്. രാംസ്വാര്‍ത്ഥ് യാദവിനാകട്ടെ നദീമിന്റെ ഭാര്യ നസ്‌റീനയും കിഡ്‌നിയും നല്‍കി.
നദീമിന്റെയും രാംസ്വാര്‍ത്ഥിന്റെയും ഭാര്യമാരുടെ കിഡ്‌നി ഭര്‍ത്താക്കന്മാര്‍ക്ക് ചേരുന്നില്ലായിരുന്നു. അപ്പോഴാണ് നെഫ്രോളജി തലവന്‍ ഡോ. ഹേമല്‍ ഷാ നസ്‌റീനയുടെ കിഡ്‌നി രാംസ്വാര്‍ത്ഥിനും, സത്യദേവി (യുടെ കിഡ്‌നി നദീമിനും ചേരുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഒരുമാസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് കുടുംബവും വൃക്കദാനം അംഗീകരിച്ചു. ”എന്റെ അച്ഛന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കിഡ്‌നി മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം. മരണത്തിനും ജീവിതത്തിനുമിടയില്‍ മതത്തിന് എവിടെയാണ് സ്ഥാനം” – രാംസ്വാര്‍ത്ഥിന്റെ മകന്‍ സഞ്ജയ് ചോദിക്കുന്നു. നദീമിന്റെ കുടുംബവും ഇന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷത്തിലാണ്.
Discussion about this post