ബംഗളൂരു: മുറിവേറ്റ് കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ച് രക്തം നല്കിയ പോലീസ് ഓഫീസറാണ് സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. ഇന്‍സ്പെക്ടറായ സിഎ സിദ്ധലിങ്കയ്യയാണ് മുറിവേറ്റ് കിടന്ന ഒരു സ്ത്രീയുടെ ജീവന് രക്ഷിച്ചത്. ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദന പ്രവാഹമാണ്. കൂടാത പോലീസ് ഡിപ്പാര്‍ട്ട്മെന്റ് 50,000 രൂപ നല്കി ആദരിക്കുകയും ചെയ്തു.
സിദ്ധലിങ്കയ്യ ഗിരിനഗര്‍ ഏരിയയിലുള്ള പോളിങ് ബൂത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചില് കേട്ടത്. അവിടെ ചെന്ന് നോക്കിയപ്പോള്‍ വടിവാളുകൊണ്ട് മുറിവേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ഒരു യുവതിയെയാണ് കണ്ടത്. ആ സ്ത്രീ മരിച്ചുവെന്നായിരുന്ന ആദ്യം കരുതിയത്.
എന്നാല്‍ അടുത്ത് ചെന്നപ്പോള്‍ ജീവനുണ്ടെന്ന് മനസിലായി. പെട്ടെന്ന് തന്നെ അദ്ദേഹം ഒരു തുണിയെടുത്ത് സ്ത്രീയുടെ വയറിനു മുകളിലൂടെ കെട്ടിവച്ചു. ഉടന്‍തന്നെ ആശുപത്രിയിലുമെത്തിച്ചു. മുറിവേറ്റ സ്ത്രീക്ക് അത്യാവശ്യമായി രക്തം കയറ്റേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്ത്രീയുടെ രക്ത ഗ്രൂപ്പായ AB+ തന്നെയായിരുന്നു പോലീസ് ഓഫീസറുടേയും രക്തഗ്രൂപ്പ്. അതിനാല്‍ കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം വിധവയായ സ്ത്രീയ്ക്ക് രക്തം ദാനം ചെയ്തു. ഈ യുവതി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്. അതിലെ രണ്ടുപേരാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് സൂചന.
Discussion about this post