ഞങ്ങളും കാവല്‍ക്കാര്‍! മോഡിയുടെ ക്യാംപെയിനിന് വന്‍പിന്തുണയുമായി മല്ല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും! വ്യാജന്മാരെ കൊണ്ട് വലഞ്ഞ് ബിജെപി!

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചൗക്കീദാറാണ് താനെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച ചൗക്കീദാര്‍ ചോര്‍ ഹെ എന്ന ക്യാംപെയിനിന് മറുപടി നല്‍കാന്‍ ഇറങ്ങിയ ബിജെപിക്ക് കിട്ടിയത് എട്ടിന്റെ പണി. ഞാനും കാവല്‍ക്കാരന്‍ എന്ന മം ഭീ ചൗക്കീദാര്‍ ക്യാംപെയിന്‍ പെട്ടെന്ന് അങ്ങ് കേറി ഹിറ്റായെങ്കിലും രാജ്യത്ത് നിന്നും ബാങ്കുകളെ പറ്റിച്ച് കടന്നുകളഞ്ഞ വമ്പന്മാരും ഹാഷ്ടാഗ് ക്യാംപെയിന്‍ ഏറ്റെടുത്തതോടെ ബിജെപി പരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ രാജ്യത്ത് നിന്നും കടന്നു കളഞ്ഞ വിവാദ വ്യവസായികളായ നീരവ് മോദി, വിജയ് മല്ല്യ, മെഹുല്‍ ചോക്‌സി എന്നിവരുടെ ഫേക്കുകളും ചൗക്കീദാര്‍ എന്ന് പേരിനു മുന്നില്‍ ചേര്‍ത്ത് മോഡിക്കും കൂട്ടര്‍ക്കും പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

ഒപ്പം അഴിമതി കേസുകളില്‍ പെട്ട് കേന്ദ്ര സര്‍ക്കാരിനെ കുരുക്കിയ ലളിത് മോദി, അദാനി, ജയ് ഷാ എന്നിവരുടെ പേരുകള്‍ക്ക് മുന്നിലും ചൗക്കീദാര്‍ പ്രയോഗം ചേര്‍ത്ത ചിത്രങ്ങള്‍ ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും തുടങ്ങി വെച്ച ഈ ട്രോള്‍ പരിപാടി എന്തായാലും ബിജെപി ഗൗരവത്തോടെ ആരംഭിച്ച ക്യാംപെയിനിനെ കോമഡിയാക്കി മാറ്റിയിരിക്കുകയാണ്.

അതേസമയം, മോഡിയുടെ ക്യാംപെയിന്‍ ഏറ്റെടുത്ത നീരവ് മോദിയുടെ ഫേക്ക് അക്കൗണ്ടിലേക്ക് മോഡിയുടെ നന്ദി കുറിപ്പ് എത്തിയതും നേരത്തെ വലിയ തമാശയ്ക്കുള്ള വകയായിരുന്നു. സംഭവം തിരിച്ചറിഞ്ഞ് സന്ദേശം ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെ ഇക്കാര്യം പങ്കുവെച്ച് മോഡിയുടെ പുതിയ ഹാഷ്ടാഗ് ക്യാംപെയിന്‍ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Exit mobile version