ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ഞാനും കാവല്‍ക്കാരനാണെന്ന സോഷ്യല്‍മീഡിയ ക്യാംപെയിന്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനെന്ന് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മോഡി ശ്രമിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ആരോപിച്ചു.
”എല്ലാവര്‍ക്കും അറിയാം മോഡി ഏതുതരം കാവല്‍ക്കാരനാണെന്ന്. രാജ്യം അപകടത്തിലായപ്പോള്‍ അദ്ദേഹം എന്താണ് ചെയ്തിരുന്നത്? മറ്റു സര്‍ക്കാരുകളുടെ കാലത്തേക്കാള്‍ മോഡിയുടെ കാലത്താണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടന്നത്. മുമ്പ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരണത്തിലിരുന്നപ്പോള്‍ ആണ് പാര്‍ലമെന്റ് ആക്രമണം നടന്നത്. എന്നിട്ടും ഇത്തരത്തിലുള്ള സോഷ്യല്‍മീഡിയ ക്യാംപെയിനുകള്‍ നടത്തി ഇന്ത്യന്‍ നേവിയും വ്യോമസേനയും അദ്ദേഹം രൂപീകരിച്ചതാണ് എന്നാണോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വേലകള്‍ മാത്രമാണ്”- കമല്‍നാഥ് മോഡിയെയും ബിജെപിയെയും കടന്നാക്രമിക്കുന്നതിങ്ങനെ.
അതേസമയം, മേം ഭീ ചൗക്കീദാര്‍ അഥവാ ഞാനും കാവല്‍ക്കാരനാണ് എന്ന ക്യാംപെയിന്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ശനിയാഴ്ചയാണ് ആരംഭിച്ചത്. ക്യാംപെയിന്‍ ആരംഭിച്ച് തൊട്ടടുത്ത ദിവസം തന്നെ പേരിനു മുന്നില്‍ ചൗക്കീദാര്‍ എന്ന് ചേര്‍ത്ത് ബിജെപി നേതാക്കളും പ്രധാനമന്ത്രി മോഡിയും ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
Discussion about this post