പരീക്കറിനു പകരം ആര്? പുതിയ മുഖ്യമന്ത്രി വരുമോ അതോ രാഷ്ട്രപതി ഭരണമോ? ഗോവയില്‍ പ്രതിസന്ധി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിനു പിന്നാലെ സംസ്ഥാന ഭരണം അനിശ്ചിതത്വത്തില്‍. പുതിയ നേതാവിനെ തേടുകയാണ് ബിജെപി. പരീക്കര്‍ ചികിത്സയിലിരിക്കെ തന്നെ മുന്‍ ബിജെപി നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ തിരികെയെത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തി വരികയായിരുന്നു. അതിനിടെയാണ് ഞായറാഴ്ച പരീക്കറുടെ മരണം സംഭവിച്ചത്. മുതിര്‍ന്ന മന്ത്രിമാരെയാരെയെങ്കിലും ഇടക്കാല മുഖ്യമന്ത്രിയാക്കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ആണ് ഇനി ബിജെപിക്കു മുന്നിലുള്ള വഴി.

ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെത്തുടര്‍ന്ന് പരീക്കര്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. ബിജെപിയുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാനിരിക്കെയാണ് പുതിയ സംഭവങ്ങള്‍.

ബിജെപി സര്‍ക്കാരിന്റെ സഖ്യകക്ഷികളായ മൂന്നംഗങ്ങള്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജിഎഫ്പി)യും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യും ഒപ്പം മൂന്നു സ്വതന്ത്ര എംഎല്‍എമാരും പരീക്കറുടെ അഭാവത്തില്‍ ബിജെപിയെ പിന്തുണയ്ക്കുമോ എന്നത് സംശയകരമാണ്. തങ്ങള്‍ പരീക്കറെയാണ് പിന്തുണച്ചതെന്നും ഏതെങ്കിലും പാര്‍ട്ടിയെ അല്ലെന്നുമുള്ള ജിഎഫ്പി നേതാവ് വിജയ് സര്‍ദേശായിയുടെ നിലപാടും ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

സംസ്ഥാനത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ നിയമസഭ മരവിപ്പിച്ചുനിര്‍ത്താനുള്ള സാധ്യതയും ബിജെപി പരിശോധിക്കുന്നുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചതിനു പിന്നാലെ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷടക്കം രണ്ടു നിരീക്ഷകരെ ബിജെപി സംസ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. പാര്‍ട്ടി എംഎല്‍എമാര്‍ സംസ്ഥാനത്തു തന്നെയുണ്ടാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version