ഹൈദരാബാദ്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിംപള്ളിയിലെ വെടിവയ്പ്പില്‍ കാണാതായ മകനെ കണ്ടെത്തിത്തരാന്‍ പിതാവിന്റെ അപേക്ഷ. വെള്ളിയാഴ്ചയാണ് ന്യൂസിലന്‍ഡിലെ രണ്ടു മുസ്ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്.
ഭീകരന് തോക്കെടുത്ത് വെടിയുതിര്‍ക്കുമ്പോള്‍ ഫര്‍ഹാജ് അഹ്സന് എന്ന ഇന്ത്യക്കാരന് പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. എന്നാല്‍ ഫര്‍ഹാജ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് വീട്ടുകാര്‍ക്ക് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. തന്റെ മകനെ കണ്ടെത്തിത്തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പിതാവായ മുഹമ്മദ് സയിദുദ്ദീന്‍.
‘വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കായാണ് മകന് പള്ളിയില്‍ പോയത്. എന്നാല്‍ അവന് ഇതുവരെയും തിരികെ എത്തിയിട്ടില്ല. ഏതാണ്ട് 17 ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവരെ എവിടെയാണെന്ന് കണ്ടെത്തിത്തരണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്,’ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദുകാരനായ അഹമ്മദ് ജഹാംഗീര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ സഹോദരന് കുര്‍ദിഷ് ജഹാംഗീര്‍ സഹോദരനെ ശുശ്രൂഷിക്കാനായി വിസ വേഗം ശരിയാക്കിത്തരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാരായ ഏഴ് പേരെയും ഇന്ത്യന്‍ വംശജരായ രണ്ട് പേരെയും കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ന്യൂസീലന്‍ഡ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കോഹ്ലിയാണ് കാണാതായവരെ സ്ഥിരീകരിച്ചത്.
സംഭവത്തില്‍ 49 പേര് കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post