പൊള്ളാച്ചി പീഡനക്കേസ്: ഇരയുടെ പേര് പരാമര്‍ശിച്ചതിന് തമിഴ്‌നാട് സര്‍ക്കാരിന് പിഴ, പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസില്‍ ഇരയുടെ പേര് പരാമര്‍ശിച്ച തമിഴ്‌നാട് സര്‍ക്കാരിന് പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചതിനാണ് തമിഴ്‌നാട് സര്‍ക്കാരിന് പിഴ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

സോഷ്യല്‍ മീഡിയയിലൂടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കരച്ചിലിന്റെ ഒരു വീഡിയോയും പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചതിന് സമാനമായ കാര്യത്തിനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചതിലൂടെ തമിഴ്‌നാട് സര്‍ക്കാരും ഉത്തരവാദിയായിരിക്കുന്നത്.

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തിലെ നാല് പേരാണ് കോസില്‍ അറസ്റ്റിലായത്. തമിഴ്‌നാടും കര്‍ണാടകയും കേന്ദ്രീകരിച്ച് പതിനഞ്ച് പേര്‍ സംഘത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍ മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുവെന്നുമാണ് ഡിഎംകെ ആരോപണം.

പീഡനത്തിന് ഇരയായ അമ്പതിലധികം പെണ്‍കുട്ടികളില്‍ പരാതി നല്‍കാന്‍ തയാറായ പൊള്ളാച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തെ അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം വിട്ട് അയച്ചതിന് എതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ബിജെപി പ്രതികരിച്ചു. വിഷയം തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

കേസില്‍ അറസ്റ്റിലായ തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് അമ്പതോളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വെറുതെ വിടണമെന്ന് പ്രതികളോട് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Exit mobile version