പുല്‍വാമ: ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കനത്ത നഷ്ടം സംഭവിച്ച് പാകിസ്താന് പിന്തുണയുള്ള കശ്മീരിലെ ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ അനന്തരവന് ഉള്‍പ്പടെ രണ്ട് ഉന്നത കമാന്‍ഡര്‍മാരെ സുരക്ഷാ സേന കൊലപ്പെടുത്തി. പത്താന്‍കോട്ട് ആക്രണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസറിന്റെ അനന്തരവന് മൊഹമ്മദ് ഉസ്മാനാണ് പുല്‍വാമയിലെ ചങ്കിതാറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഷൗക്കത്ത് അഹമ്മദാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മറ്റൊരു ഭീകരന്. മുഹമ്മദ് ഉസ്മാന് കൊല്ലപ്പെട്ട വിവരം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഉസ്മാനും അഹമ്മദും കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്ന് യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ റൈഫിള്‍ സുരക്ഷാസേന കണ്ടെടുത്തു. സ്നൈപ്പര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളാണ് ഇത്. കശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ അടുത്തിടെ സ്നൈപ്പര്‍ ആക്രമണം വ്യാപകമായിരുന്നു. ശ്രീനഗറിന് സമീപമുള്ള പന്താ ചൗക്കില്‍ ബിഎസ്എഫ് ജവാന്മാര്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം 12 ആയി.
Discussion about this post