ന്യൂഡല്‍ഹി: ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്‌റിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ യുഎന്നില്‍ എതിര്‍ത്തിട്ടും ചൈനയ്‌ക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി മോഡിക്ക് പേടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി. മോഡിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പേടിയാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി അധികം സംസാരിക്കേണ്ടെന്നും രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവാണ് ചൈനയ്ക്ക് യുഎന്‍എസ്‌സിയില്‍(യുണൈറ്റഡ് നാഷണ്‍സ് സെക്യൂരിറ്റി കൗണ്‍സില്‍) സീറ്റ് നല്‍കിയതെന്നാണ് ബിജെപിയുടെ മറുപടി.
നിങ്ങളുടെ മുത്തച്ഛന്‍ ചൈനയ്ക്ക് അങ്ങനെയൊരു സമ്മാനം നല്‍കിയില്ലായിരുന്നെങ്കില്‍ ചൈന ഒരിക്കലും യുഎന്‍ എസ്‌സിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ബിജെപി ട്വീറ്റ് ചെയ്തു. ഇത്തരം അബദ്ധങ്ങളിലെല്ലാം ഇന്ത്യ ചെന്ന് ചാടിയത് നിങ്ങളുടെ കുടുംബം കാരണമാണെന്നും ബിജെപി കുറ്റപ്പെടുത്തി. മോഡിക്കെതിരെ രാഹുല്‍ ആരോപണം ഉന്നയിക്കുമ്പോള്‍ മറുവശത്ത് ചൈനീസ് നയതന്ത്രജ്ഞരുമായി രഹസ്യബന്ധം പുലര്‍ത്തുകയാണെന്നും ബിജെപി ആരോപിച്ചു.
ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്‌റിനെതിരായ നീക്കത്തെ യുഎന്നില്‍ വീണ്ടും ചൈന എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധി മോഡിയെ വിമര്‍ശിച്ചത്.
Discussion about this post