ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസ് 11 സീറ്റുകളില്‍; ആര്‍ജെഡിക്ക് 20 സീറ്റ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങി ബിഹാറിലെ പ്രതിപക്ഷത്തിന്റെ മഹാസഖ്യം. കോണ്‍ഗ്രസും ആര്‍ജെഡിയും ഇതിനിടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ ഡല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. നേരത്തെ 14 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ആവശ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നെന്നാണ് സൂചന. ഒരു ദിവസം നീണ്ടു നിന്ന ചര്‍ച്ചയിലാണ് സീറ്റിന്റെ കാരയത്തില്‍ ധാരണയായത്. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

സീറ്റ് ധാരണ ചര്‍ച്ച ചെയ്തെന്നും ഒന്നിലും ആശങ്കയില്ലെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. ‘സീറ്റ് വിഭജനത്തില്‍ ധാരണയായി. ആര്‍ജെഡി 11 സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടിക്കാരും പൂര്‍ണ മര്യാദയാണ് നല്‍കിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം അറിയിക്കും’- മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

40 ലോക്സഭാ സീറ്റാണ് ബീഹാറിലുള്ളത്. എന്‍ഡിഎ വിട്ട് സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് നാലും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍ജെഡി എന്നിവക്ക് ഒരു സീറ്റും വീതം നല്‍കാനാണ് ധാരണ.

ശേഷിക്കുന്ന സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കും. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വളരെ പെട്ടെന്ന് ഉണ്ടായേക്കും. ഏപ്രില്‍ 11നാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്. ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.

Exit mobile version