ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ച ഇന്ന്. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.
ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇടനാഴി നിര്‍മ്മിക്കാന്‍ പാകിസ്താന്‍ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികള്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ വഴിയൊരുക്കും.
ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെടും. അതേസമയം, ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ പാക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ നല്‍കാത്തതില്‍ പാകിസ്താന്‍ പ്രതിഷേധമറിയിച്ചു.