ചെന്നൈ: ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് വെറുപ്പില്ലെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി. വലിയ പാഠങ്ങള്‍ നല്‍കുന്ന ആളുകളെ ആരെങ്കിലും വെറുക്കുമോ, തനിക്ക് മോഡിയെ വെറുക്കാന്‍ കഴിയില്ല. മോഡിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ലോകത്തിന്റെ സൗന്ദര്യം കാണാന്‍ മോഡിക്ക് കഴിയുന്നില്ലെന്ന് പാര്‍ലമെന്റിലെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സിലായി. കുറഞ്ഞത് എന്റെ സ്‌നേഹമെങ്കിലും അദ്ദേഹം അറിയട്ടെ എന്ന് കരുതിയാണ് മോഡിയെ
കെട്ടിപ്പിടിച്ചതെന്നും രാഹുല്‍ പ്രതികരിച്ചു.
വടക്കേ ഇന്ത്യയുടെ വികസനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഈ സ്ഥിതി മാറണം. അഴിമതിയും മാറ്റമില്ലാത്ത മുതലാളിത്ത സമ്പ്രദായവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും രാഹുല്‍ പറഞ്ഞു.
കാശ്മീര്‍ പ്രശ്‌നത്തിലും ഭീകരതയ്ക്ക് എതിരായ നീക്കത്തിലും വ്യവസ്ഥാപിതവും തന്ത്രപരവുമായ സമീപനമാണ് വേണ്ടത്. ഇക്കാര്യത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ സമീപനം പരാജയമാണ്. ജമ്മു കാശ്മീരില്‍ വാജ്‌പേയി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാനേ വഴിവച്ചിട്ടുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.
താനിപ്പോള്‍ ചെയ്യുന്നത് പോലെ മൂവായിരം പെണ്‍കുട്ടികളുടെ എല്ലാ ചോദ്യങ്ങളും നേരിട്ട് അവരുടെ മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം മോഡിക്കില്ലെന്ന് രാഹുല്‍ പരിഹസിച്ചു. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ മിടുക്കരെന്നാണ് താന്‍ കരുതുന്നത്. സര്‍ എന്ന് വിളിച്ച പെണ്‍കുട്ടിയോട് തന്നെ രാഹുല്‍ എന്ന് വിളിക്കാമോ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറു ചോദ്യം. കരഘോഷത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റെടുത്തത്.