ന്യൂഡല്‍ഹി: എത്യോപ്യന്‍ ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്ന് 157 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ ബോയിങ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇന്ത്യയും ബോയിങ് 737 മാക്‌സിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് നാല് മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ സ്‌പൈസ് ജെറ്റിനും ജെറ്റ് എയര്‍വേയ്‌സിനുമാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉള്ളത്. സ്‌പൈസ് ജെറ്റിന് ഇത്തരത്തില്‍ 12 ഉം ജെറ്റ് എയര്‍വേയ്‌സിന് അഞ്ച് വിമാനങ്ങളുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബോയിങ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന തീരുമാനം വ്യോമയാന അധികൃതര്‍ പ്രഖ്യാപിച്ചത്.
ഞായറാഴ്ചയാണ് നെയ്‌റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്ന് ഇന്ത്യയിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ 157 പേര്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ബോയിങ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ബോയിങ് വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കിയത് കാരണം യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ ക്ഷമ ചോദിച്ചു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണെന്നും തടസങ്ങളില്ലാതെ ആളുകളുടെ ബുദ്ധിമുട്ട് കുറച്ച് പ്രവര്‍ത്തനം തുടരാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.