ഗാന്ധിനഗര്‍: ഗുജറാത്തിലെ പട്ടേല്‍ സമുദായ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചുണ്ടായ ചടങ്ങിലാണ് ഹര്‍ദിക് അംഗത്വമെടുത്തത്.
”മഹാത്മാഗാന്ധി ദണ്ഡിയാത്ര തുടങ്ങിയത് ഇതേ ദിവസമാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു. സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ നയിച്ച പാര്‍ട്ടിയിലാണ് ഞാനിപ്പോള്‍”- ഹര്‍ദിക് പറഞ്ഞു.
ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് ഹര്‍ദിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹര്‍ദിക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹര്ദികിലൂടെ ഈ മണ്ഡലം പിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച മികച്ച പ്രകടനം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ തന്നെ ഗുജറാത്തിന് നല്‍കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Discussion about this post