മുസ്ലിമിനും ക്രിസ്ത്യാനിക്കും ജനിച്ച ‘പരദേശി’ രാഹുലെങ്ങനെ ബ്രാഹ്മണനാകും? ഡിഎന്‍എ തെളിവ് നല്‍കുമോ? വീണ്ടും അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ

ബംഗളൂരു: വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. മുസ്ലിമിനും ക്രിസ്ത്യാനിക്കും ജനിച്ച ‘പരദേശി’യാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും പിന്നെയെങ്ങനെ ബ്രാഹ്മണനാകുമെന്നും ഹെഗ്‌ഡെ ഉത്തരകന്നഡയിലെ ബിജെപി പരിപാടിയില്‍ ഉന്നയിച്ചു.

രാഹുലിനു തന്റെ ഡിഎന്‍എ തെളിവു ഹാജരാക്കാനാകുമോ? സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനിക്കുമ്പോള്‍, രാഹുല്‍ ബലാക്കോട്ട് വ്യോമാക്രമണത്തിനു രാഹുല്‍ തെളിവു ചോദിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

അതേസമയം, തരംതാണ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധം ഉയരുകയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും പാഴ്‌സി കുടുംബത്തില്‍ ജനിച്ച ഫിറോസ് ഗാന്ധിയുടെയും മകനും രാഹുലിന്റെ അച്ഛനുമായ രാജീവ് ഗാന്ധി മുസ്ലിം ആകുന്നതെങ്ങനെയെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം.

രാഹുല്‍ ഗാന്ധി ‘സങ്കരഇന’മാണെന്നും കോണ്‍ഗ്രസില്‍ മാത്രമേ ഇത്തരക്കാരെ കണ്ടെത്താനാകൂ എന്നും കഴിഞ്ഞ ജനുവരില്‍ ഹെഡ്‌ഗെ പരിഹസിച്ചിരുന്നു.

Exit mobile version