ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള മീ ടു വെളിപ്പെടുത്തല്‍ ഓള് ഇന്ത്യ റേഡിയോയിലും ചര്‍ച്ചയാവുന്നു. മധ്യപ്രദേശിലെ ശാഹ്ദോല് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ രത്നാകര്‍ ഭാരതിക്കെതിരെ ഒമ്പത് സ്ത്രീകളാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ, ഓള് ഇന്ത്യ റേഡിയോവിന്റെ ധറംശാല, ഒബ്ര, സാഗര്‍, റാംപൂര്‍, കുരുക്ഷേക്ത്ര, ഡല്‍ഹി സ്റ്റേഷനുകളില്‍ നിന്നും സമാന വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്.
ശാഹ്ദോല് സ്റ്റേഷനിലെ കേസ് മുന്‍പ് എഐആറിന്റെ ‘ഇന്റേണല്‍ കമ്മിറ്റി’ അന്വേഷിച്ച് നടപടി എടുത്തതാണെന്ന് ഡയറക്ടര്‍ ഫയാസ് ഷെഹരിയാര്‍ പറഞ്ഞു. എന്നാല്‍ രത്നാകര്‍ ഭാരതിക്കെതിരെ അച്ചടക്ക നടപടിയായി സ്ഥലമാറ്റം മാത്രം നല്കിയപ്പോള്, ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ഒമ്പത് സ്തീകളെയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയാണുണ്ടായത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, സ്ത്രീകള്‍ക്ക് പിന്തുണയുമായി എഐആര്‍ എംപ്ലോയി യൂണിയന് രംഗത്ത് വന്നു. എല്ലാ കേസിലും പ്രതികള്‍ സുരക്ഷിതരും ഇപ്പോഴും സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുകയും ചെയ്യുമ്പോള്‍, പരാതി നല്കിയവര് പുറത്താക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്ന് യൂണിയന് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ‘പ്രസാര്‍ ഭാരതി’ ചീഫ് എക്സിക്യൂട്ടീവ് ശശി ശേഖര്‍ വെമ്പതിക്ക് യൂണിയന് കത്തയച്ചു.
Discussion about this post