ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ എന്ന വിവരാവകാശ രേഖ വെളിപ്പെടുത്തലിനു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കള്ളപ്പണം വെളുപ്പിക്കാനുള്ള അഴിമതിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിച്ചാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്നും, ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രസിഡന്റായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ 500 കോടിയാണ് നിക്ഷേപിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. നോട്ട് അസാധുവാക്കലിനു മുമ്പ് ബിജെപി വാങ്ങിക്കൂട്ടിയ വസ്തുവകകള്‍ എത്രയാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അനിയന്ത്രിതമായ പണമിടപാടിനെക്കുറിച്ചും സഹകരണ ബാങ്കുകളിലെ അസാധാരണ നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി വിനാശകരമായ ആശയമാണ് നോട്ട് അസാധുവാക്കല്‍. ആര്‍എസ്എസുമായി ബന്ധമുള്ള ഒന്നോ രണ്ടോ മുറിവൈദ്യന്മാരല്ലാതെ ഒരൊറ്റ സാമ്പത്തിക വിദഗ്ധനും ഇതിനെ അനുകൂലിച്ചില്ല. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ രാജ്യങ്ങളായ വടക്കന്‍ കൊറിയ, വെനസ്വേല, മ്യാന്മര് എന്നിവയെല്ലാം തകര്‍ന്നെന്നും ജയറാം രമേശ് പറഞ്ഞു.
Discussion about this post