ന്യൂഡല്‍ഹി: മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്നോക്ക വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണത്തിന് സ്റ്റേയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഈ വിഷയം ഭരണഘടന ബഞ്ച് പരിഗണിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാര്‍ച്ച് 28ന് കോടതി വിശദമായി വാദം കേള്‍ക്കും.
മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് കേസ് ഭരണഘടന ബഞ്ചിന് കൈമാറണമെന്നും ഭരണഘടനയുടെ സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് കേന്ദ്രസര്‍ക്കാര്‍ നിയമമെന്നും വാദിച്ചത്.
കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളോടും അവരുടെ വാദങ്ങള്‍ എഴുതിനല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം സ്റ്റേ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. ഒരു സംവരണവും സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്ന 50 ശതമാനം സംവരണത്തിന് മുകളിലാകരുത് എന്നത് മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്.
തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം മുന്നോക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിച്ച് ജനുവരി ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.