ഓടിപ്പാഞ്ഞ് നടന്നിട്ടും, ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഉദ്ഘാടനങ്ങള്‍ ഒന്നും ഏല്‍ക്കാതെ മോഡി; തെരഞ്ഞെടുപ്പ് പ്രഖ്യാപനമാവട്ടെ ഉച്ചയ്ക്ക് ശേഷവും! മോഡിയുടെ സമ്മതത്തിനായി കാത്തിരിപ്പായിരുന്നോ എന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: 30 ദിവസത്തിനുള്ളില്‍ 157 ഉദ്ഘാടനങ്ങളും യാത്രകളും നടത്തി റെക്കോര്‍ഡിട്ട പ്രധാനമന്ത്രി മോഡിക്ക് മാര്‍ച്ച് 10ാം തീയതി ഉച്ചയ്ക്ക് ശേഷം ഉദ്ഘാടന പരിപാടികള്‍ ഒന്നുമില്ല. ഒരുമാസത്തോളമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്ഘാടന വഴിപാടികള്‍ക്ക് ഇന്നത്തോടു കൂടി അന്ത്യമാവുകയാണ്. ഞായറാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ സ്ഥാപക ദിന ആഘോഷത്തിലാണ് മോഡി പങ്കെടുത്തത്.

ഇന്നേദിവസം, വൈകുന്നേരത്തേക്കോ, തിങ്കളാഴ്ചത്തേക്കോ അടുത്ത ദിനങ്ങളിലായോ മറ്റ് ഉദ്ഘാടന പരിപാടികളൊന്നും തന്നെ ചാര്‍ട്ട് ചെയ്തിട്ടില്ല. ഇന്നു വൈകുന്നേരം 5 മണിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മോഡിക്ക് ഉദ്ഘാടനങ്ങളൊന്നുമില്ലാത്തത് എല്ലാവരിലും സംശയമുണര്‍ത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രാ പദ്ധതികള്‍ തീരാനായി കാത്തുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കഴിഞ്ഞദിവസം ആരോപിക്കുകയും ചെയ്തിരുന്നു. ഇന്നു വൈകുന്നേരത്തിനുശേഷം പ്രധാനമന്ത്രി മറ്റു പരിപാടികളൊന്നും ചാര്‍ട്ട് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഈ ആക്ഷേപത്തിന് ആക്കം കൂട്ടുകയുമാണ്. എല്ലാം മോഡിയുടെ അറിവും സമ്മതത്തോടെയുമാണ് എന്നാണ് പ്രധാന വിമര്‍ശനം.

കഴിഞ്ഞദിവസം വരെ പ്രധാനമന്ത്രിക്ക് ഉദ്ഘാടന പരിപാടികളുണ്ടായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായിരുന്നെന്നാണ് വൈകുന്നേരം അഞ്ചുമണിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ മോഡിക്കു വേണ്ടി തീയതി പ്രഖ്യാപനം വൈകിക്കുകയാണെന്ന വിമര്‍ശനം ഇതോടെ കനക്കുകയായിരുന്നു.

Exit mobile version