ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുന്നില്‍ കണ്ട് കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത് കൂട്ടിയത് 157 പദ്ധതികള്‍. ഇതിനായി മാത്രം നടത്തിയത് 28 യാത്രകളും. ഉത്തര്‍പ്രദേശില്‍ 32500 കോടി രൂപയുടെ താപവൈദ്യുത പദ്ധതിയാണ് മോഡി ഏറ്റവും ഒടുവില്‍ ഉദ്ഘാടനം ചെയ്ത പദ്ധതി.
ദശീയപാതകളുടെ നവീകരണം, പുതിയ റെയില്‍വെ ലൈനുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളേജ്, സ്കൂളുകള്‍, ഗ്യാസ് പൈപ്പ് ലൈന്‍, ചെന്നൈ, പാറ്റ്ന ഉള്‍പ്പടെയുള്ള വിവിധ മെട്രോ പദ്ധതികള്‍ ഒടുവില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 32,000 കോടി രൂപയുടെ താപവൈദ്യുത നിലയം അങ്ങനെ 30 ദിവസം കൊണ്ട് മോഡി ഉദ്ഘാടനം ചെയ്ത് 157 പദ്ധതികള്‍. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 9 വരെ നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യാത്ര തുടങ്ങിയത് ചത്തീസ്ഗഡില്‍ നിന്നായിരുന്നു.
ഇതിനിടെ, മൂന്ന് തവണ ഉത്തര്‍പ്രദേശിലെത്തി. ബിഹാറില്‍ റോഡുകളും പാലങ്ങളും ഉള്‍പ്പടെ 33000 കോടി രൂപയുടെ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാടിന് 5000 കോടി രൂപയുടെ ദേശീയ പാത പദ്ധതി. കഴിഞ്ഞ അറുപത് ദിവസത്തെ കണക്കെടുത്താല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ എണ്ണം 214 ആണ്. ഇതില്‍ കേരളത്തിലെ കൊല്ലം ബൈപ്പാസും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്ധതികളും ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പുള്ള മാസം മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് ഉദ്ഘാടനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പുവരെ ഉദ്ഘാടന ചടങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മോഡി.
Discussion about this post