ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട വജ്യ വ്യാപാരി നീരവ് മോദിയെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടും. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ വിലസുന്ന നീരവ് മോദിയുടെ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ ആണ് നീരവി മോദിയെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കാന്‍ സിബിഐ തീരുമാനിച്ചത്.
ലണ്ടനിലെ നഗരവീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് യുകെ പത്രമായ ദ ടെലിഗ്രാഫ് പുറത്തുവിട്ടത്. നീരവിനോട് മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കും ‘നോ കമന്റ്‌സ്’ എന്നാണ് നീരവ് മോദി നല്‍കിയ മറുപടി.
ലണ്ടനില്‍ ബിനാമി പേരില്‍ നീരവ് മോദി വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ ഏകദേശം 73 കോടി രൂപയുടെ അപ്പാര്‍ട്ട്മെന്റിലാണ് നീരവ് മോദിയുടെ താമസം. കഴിഞ്ഞ ദിവസമാണ് നീരവ് മോദിയുടെ മുംബൈയിലെ അലിബാഗിലെ നൂറുകോടിയുടെ ആഡംബര ബംഗ്ലാവ് അധികൃതര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. തീരദേശത്ത് കൈയേറ്റഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടത്.
നീരവ് മോദി ലണ്ടനില്‍ സുഖമായി വിലസുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തര്‍ക്ക് നീരവ് മോദിയെ കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജവാല ചോദിച്ചിരുന്നു.