ലഖ്നൗ: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഒരു സഖ്യത്തിനോടൊപ്പവും ചേരാനില്ലെന്ന് വ്യക്തമാക്കി രംഗത്ത്. എസ്പി- ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
രണ്ടു സീറ്റുകള്‍ നല്‍കുമെന്ന എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഗ്ദാനത്തെ സിന്ധ്യ പരിഹസിച്ചു. ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും പതിനഞ്ച് സീറ്റുകള്‍ വിട്ടുനല്‍കിയാല്‍ സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല. ഇതിനിടയില്‍ 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നയം വ്യക്തമാക്കി. സംസ്ഥാനത്ത് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. സഖ്യത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. വഴികള്‍ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നായിരിക്കണം. കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിനു വേണ്ടി രണ്ടു, മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസും ഒഴിച്ചിടാമെന്ന് സിന്ധ്യ പരിഹസിക്കുകയും ചെയ്തു. ഇതോടെ യുപിയിലെ മറ്റ് പ്രദേശിക കക്ഷികളുമായി നീക്കുപോക്കുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ 80 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്ത്തുമെന്നുറപ്പായി.
Discussion about this post