ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസില്‍ ശിവാനി സക്സേനയ്ക്കെതിരെ എഫ്ആര്‍ആര്‍ഒ നല്കിയ ലുക്ക് ഔട്ട് നോട്ടീസ് പാട്യാല ഹൗസ് കോടതി ഇന്ന് റദ്ദാക്കി. നിയമത്തിന്റെ കണ്ണുകളില്‍ ഇത് സുസ്ഥിരമല്ലെന്നും അതുകൊണ്ട് റദ്ദാക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്പെഷ്യല്‍ ജഡ്ജി അരവിന്ദ് കുമാറാണ് ഉത്തരവ് പാസാക്കിയത്.
കേസിലെ പ്രതിയായ രാജീവ് സക്സേനയുടെ ഭാര്യയായ ശിവാനി സക്സേന ഇപ്പോള്‍ ജാമ്യത്തിലാണ്. അവര്‍ വിദേശത്തേക്ക് യാത്ര ചെയ്യാണമെന്ന ആവശ്യം കോടതിയെ അറിയിച്ചു. എന്നാല്‍ നേരത്തെ കോടതിയില്‍ നിന്നും അനുമതി ലഭിച്ചശേഷവും വിദേശരാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവന്നപ്പോള്‍, അവരെ വിമാനത്താവളത്തില്‍ വെച്ച് എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥര്‍ മാനസീകമായി പീഡിപ്പിച്ചിരുന്നതായി ശിവാനിയുടെ അഭിഭാഷകരായ ഗീത ലുത്രയും പ്രീതിക് യാദവും കോടതിയില്‍ വാദിച്ചിരുന്നു. ശിവാനി സക്സേനയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ കഴിഞ്ഞ വര്‍ഷം തള്ളിപോയിരുന്നെന്നും പക്ഷെ നിലവില്‍ എഫ്ആര്‍ആര്‍ഒ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് തുടരുന്നെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
എഫ്ആര്‍ആര്‍ഒ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പാട്യാല ഹൗസ് കോടതി റദ്ധാക്കിയെങ്കിലും കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ പാടില്ലെന്ന് ശിവാനിയോട് കോടതി പറഞ്ഞു.
അതേസമയം, ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ തന്നെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മാത്രമല്ല തിഹാര്‍ ജയിലില്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു
Discussion about this post