ഗാസിയാബാദ്: ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ സ്ഥിരീകരിച്ചത് പാകിസ്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബലാക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ചോദിക്കുന്നവരോട് മറുപടി പറയുകയായിരുന്നു മോഡി. തെളിവു ചോദിക്കുന്നവര്‍ പാകിസ്താനെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു ഗാസിയബാദില്‍ നടന്ന റാലിയിക്കിടെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം സ്ഥിരീകരിച്ച് ആദ്യം ട്വീറ്റ് ചെയ്തത് പാകിസ്താനാണ്. കേന്ദ്ര സര്‍ക്കാരിന് ആക്രമണത്തിന്റെ യാതൊരു ബഹുമതിയും ആവശ്യമില്ല. 130 കോടി ജനങ്ങളാണ് തന്റെ തെളിവെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനു പുറമെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ കുടുംബവും വ്യോമാക്രണത്തിനു തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ മരിച്ച റാം വകീല്‍, പ്രദീപ് കുമാര്‍ എന്നിവരുടെ ബന്ധുക്കളാണ് ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു വ്യക്തമായ തെളിവില്ലെന്നു പഞ്ഞത്. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി. 2008-ല്‍ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പുല്‍വാമയ്ക്കു ശേഷം താനും അതുപോലെ ചെയ്യാന്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ എന്തിനാണ് തന്നെ തെരഞ്ഞെടുത്തതെന്നും മോഡി ചോദിച്ചു.
Discussion about this post