ന്യൂഡല്‍ഹി: അയോധ്യ പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായി സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെ സംബന്ധിച്ച് വിവാദം. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഇതിനെതിരെ മുസ്ലിം സംഘടനാ നേതാക്കളടക്കം രംഗത്തെത്തി.
അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി ചോദിച്ചു. അയോധ്യയിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നതും അദ്ദേഹം ചൂണ്ടികാട്ടി. അയോധ്യ പ്രശ്‌നത്തില്‍ ഒരു വിഭാഗത്തിനൊപ്പം നിന്നിരുന്ന രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്നാണ് ഒവൈസിയുടെ ചോദ്യം.
സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് ഇത് നിഷേധിച്ചിരുന്നു.
അതേസമയം, അയോധ്യക്കേസില്‍ പരിഹാരം കാണാനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി ഇന്ന് രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന് പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജുവാണ് സമിതിയിലുള്ളത്.