മധുര: മധുരയില്‍ ഉദ്ഘാടനത്തിനെത്തിയ നടന് ശിവകുമാര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈയ്യ്തട്ടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. താരത്തെ വിവാദമാക്കിയിരിക്കുകയാണ് ഈ സംഭവം. സിനിമാ താരങ്ങള്‍ക്കും മറ്റും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് സെല്‍ഫി ഭ്രാന്ത്.
റിബണ്‍ കട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് അനുവാദമില്ലാതെ യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഉടന്‍ തന്നെ യുവാവിന്റെ ഫോണ്‍ തട്ടി താഴെയിട്ടു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ശിവകുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. നിങ്ങള്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയി. സെല്‍ഫി എടുക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. എന്നാല്‍ മുന്നൂറോളം പേര് പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില്‍ സുരക്ഷാപ്രവര്‍ത്തകരെ തള്ളിയിട്ട് മുപ്പതോളം പേര് സെല്‍ഫിയെടുക്കാന്‍ എത്തുന്നത് ശരിയാണോ?. ‘സാര്‍ ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ’ എന്ന് ചോദിക്കുക പോലും ചെയ്തില്ല. സെലബ്രിറ്റിയായ വ്യക്തി നിങ്ങള്‍ പറയുന്ന പോലെ നില്‍ക്കാനും ഇരിക്കാനും ഉള്ളവരല്ല. ഞാന്‍ സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ വേദനിക്കാത്ത തരത്തില്‍ ആകണം. ശിവകുമാര്‍ പറഞ്ഞു.
Discussion about this post