അലിബാഗ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ടു കളഞ്ഞ നീരവ് മോഡിയുടെ നൂറ് കോടിയുടെ ബംഗ്ലാവ് അധികൃതര്‍ ഇടിച്ചു നിരത്തി. റായ്ഗഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ബംഗ്ലാവ് ഇടിച്ചുനിരത്തിയത്.
തീരദേശ നിയമങ്ങള്‍ പാലിക്കാതെ അലിബാഗില്‍ അനധികൃതമായി പണിത കൂറ്റന്‍ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കരുത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ ബംഗ്ലാവ് വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പൊളിച്ചു നീക്കിയത്. കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നത് കൊണ്ട് തൂണുകളില്‍ തുളയുണ്ടാക്കി സ്ഫോടക വസ്തുക്കള്‍ നിറച്ച് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് കെട്ടിടം പൊളിച്ചു നീക്കിയിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിച്ച് 33,000 ചതുരശ്ര അടി വലുപ്പത്തിലാണ് നീരവ് മോഡി ബംഗ്ലാവ് പണികഴിപ്പിച്ചിരിക്കുന്നത്.