റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഒട്ടേറെക്കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും അവ ഉടന്‍ പ്രതീക്ഷിക്കാമെന്നും ദ ഹിന്ദു ദിനപ്പത്രത്തിന്റെ ചെയര്മാന് എന്‍ റാം വ്യക്തമാക്കിയതോടെ വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്ദ്ദത്തിലാവുമെന്നുറപ്പായി. വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലാണ് എന്‍ റാം ഇനിയും വസ്തുതകള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനു പുറമെ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അവര്‍ക്കു തന്നെ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥ രേഖകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ സമ്മതിച്ചിരിക്കുകയാണെന്നും അതില്‍ സന്തോഷമുണ്ടെന്നുമാണ് റാമിന്റെ പ്രതികരണം.
മാത്രമല്ല, രേഖകള്‍ മോഷ്ടിച്ചുവെന്ന നിലപാടിലൂടെ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വിലങ്ങിടുകയാണെന്ന് മാധ്യമ രംഗത്തുള്ള പ്രമുഖ സംഘടനകളെല്ലാം കഴിഞ്ഞ ദിവസം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബൊഫോഴ്സ് അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ അന്നത്തെ ഭരണ കര്‍ത്താക്കള്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ വ്യത്യസ്തമായാണ് പെരുമാറുന്നതെന്നും എന്‍ റാമും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
പാര്‍ലമെന്റിലും മന്ത്രിസഭയിലും അടക്കം സുപ്രധാന വിവരങ്ങള്‍ പലതും മറച്ചുവെച്ചു, പഴയ കരാറിനേക്കാള്‍ കൂടിയ വിലയുമായി രാജ്യത്തിന് നഷ്ടമുണ്ടാക്കുന്ന കരാര്‍ നടപ്പാക്കി, നടപടി ക്രമങ്ങള്‍ പാലിച്ചില്ല, തിടുക്കപ്പെട്ട് പ്രധാനമന്ത്രി നേരിട്ട് പാരീസില്‍ വെച്ച് പ്രഖ്യാപനം നടത്തി തുടങ്ങിയ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന സാഹചര്യമാണ് ദ ഹിന്ദുവിന്റെ വെളിപ്പെടുത്തലുകളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റാഫേല്‍ വിഷയം തണുത്തു പോയെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്ന കേന്ദ്ര സര്‍ക്കാരിനും ബി ജെ പിയ്ക്കും വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായത്.
Discussion about this post