ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ ഫൊറന്‍സിക് വകുപ്പ് മുന്‍ മേധാവി സുധീര്‍ ഗുപ്ത മറച്ചുവെക്കുന്നതായി ഭര്‍ത്താവും എംപിയുമായ ശശി തരൂരിന്റെ പരാതി. കോടതിയിലാണ് തരൂര്‍ ഇക്കാര്യം ആരോപിച്ചത്. വിരമിച്ചുകഴിഞ്ഞിട്ടും ഗുപ്ത റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ കോപ്പി കൈവശം വെച്ചിരിക്കുകയാണെന്ന് തരൂര്‍ കോടതിയില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗുപ്ത അത് കാണിക്കുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രേഖകള്‍ നല്‍കണമെന്ന തരൂരിന്റെ അപേക്ഷയിന്‍മേലുള്ള വാദമാണ് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിന് മുമ്പാകെ നടന്നത്. ഫൊറന്‍സിക് മേധാവിസ്ഥാനത്തുനിന്ന് വിരമിച്ച ഗുപ്തയ്ക്ക് റിപ്പോര്‍ട്ട് കൈവശം വെക്കാന്‍ അധികാരമില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്വ വാദിച്ചു.
തരൂരിന് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് വ്യാഴാഴ്ച കോടതി ഇളവനുവദിച്ചു. കേസില്‍ തുടര്‍വാദം കോടതി ഈമാസം 15-ലേക്ക് മാറ്റി. 2014 ജനുവരി 17-നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post