ന്യൂഡല്‍ഹി : റാഫേല്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ച രേഖകള്‍ അടിസ്ഥാനമാക്കിയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ അപലപിച്ച് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. റാഫേല്‍ ഇടപാടിലെ രേഖകള്‍ പുറത്തു കൊണ്ടു വന്ന ദ ഹിന്ദു പത്രം ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരായാണ് അറ്റോര്‍ണി ജനറല്‍ കേന്ദ്ര സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ വാദം ഉന്നയിച്ചത്.
ഇതിനെ അപലപിച്ച എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ കടുത്ത വാദങ്ങളെന്ന് പ്രതികരിച്ചു. മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്കുന്നതില് നിന്ന് പിന്തിരിപ്പിക്കാന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
എജിയുടെ പരാമര്‍ശം ഭീഷണിക്ക് തുല്യമാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ്. റഫാല്‍ ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം ഹനിക്കുന്നതാണ് എജിയുടെ പരാമര്‍ശമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി. ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവര്‍ത്തകരോട് അവരുടെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Discussion about this post