ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ച രേഖകളെ അടിസ്ഥാനമാക്കിയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാദത്തിന് മറുപടിയുമായി ‘ദി ഹിന്ദു’ ദിനപത്രം. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് പത്രത്തിന്റെ ചെയര്‍മാന്‍ എന്‍ റാം പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഒരു വിവരവും തങ്ങളില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചോളൂ, ഞങ്ങള്‍ക്കതില്‍ ഒന്നുമില്ല. രേഖകളുടെ ഉറവിടം സംബന്ധിച്ച് ഒരു വിവരവും ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല. രേഖകള്‍ സ്വയം സംസാരിക്കുന്നുണ്ട്.’
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലെ വാദങ്ങളെക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ പ്രസിദ്ധീകരിക്കാനുള്ളത് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവയെല്ലാം ആധികാരികമായ രേഖകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനമാക്കി ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.
Discussion about this post