ചാനല്‍ ചര്‍ച്ചയ്ക്കിടെ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തി ബിജെപി നേതാവ്; രോഷാകുലയായി അവതാരികയും, വീഡിയോ വൈറല്‍

പ്രതിപക്ഷ പ്രതിനിധിയെ മൂട്ടയെന്നു വിശേഷിപ്പിച്ച ഭാട്ടിയയുടെ നടപടിയേയും റൂബിക രൂക്ഷമായി വിമര്‍ശിച്ചു.

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് പ്രതിനിധിയ്‌ക്കെതിരെ ലൈംഗിക ചുവയോടു കൂടിയ പരാമര്‍ശം നടത്തി ബിജെപി നേതാവ്. എബിപി ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി വക്താവായ ഗൗരവ് ഭാട്ടിയ മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഉടനെ രോഷ പ്രകടനവുമായി ന്യൂസ് അവതാരിക റുബിക ലിയാഖത് രംഗത്ത് വന്നു. എന്ത് ഭാഷയാണ് നിങ്ങളുടേതെന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ രംഗത്ത് വന്നത്. തന്റെ വാദം കേട്ട് കോണ്‍ഗ്രസ് വക്താവ് റോഹന്‍ ഗുപ്ത വിറച്ചുപോയെന്നും അതുകൊണ്ട് പോയി പെറ്റിക്കോട്ട് ധരിക്കൂവെന്നുമാണ് ഭാട്ടിയ പറഞ്ഞത്.

‘അത്ര പേടിയുണ്ടെങ്കില്‍ പോയി ഒരു പെറ്റിക്കോട്ട് ധരിക്കൂ.’ എന്നായിരുന്നു ഭാട്ടിയയുടെ പരാമര്‍ശം. നേതാവിന്റെ പരാമര്‍ശം എത്തിയതിനു പിന്നാലെ അവതാരിക റുബിക ഇതിനെതിരെ പ്രതികരിച്ചു. രോഷത്തോടെയാണ് റുബിക സംസാരിച്ചത് ‘ ഗൗരവ് ഭാട്ടിയ എന്താണിത്? എന്തുതരം ഭാഷയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്? എന്റെ ഷോയില്‍ ഇത്തരം നാടകംകളി വേണ്ട. പോയി പെറ്റിക്കോട്ട് ധരിക്കൂവെന്ന പരാമര്‍ശം കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അവര്‍ പ്രതിപക്ഷത്തുള്ളവരാണ്. അവര്‍ക്ക് നിങ്ങളോട് ചോദ്യം ചോദിക്കാനുളള അവകാശമുണ്ട്.’ റുബിക പറഞ്ഞു.

പ്രതിപക്ഷ പ്രതിനിധിയെ മൂട്ടയെന്നു വിശേഷിപ്പിച്ച ഭാട്ടിയയുടെ നടപടിയേയും റൂബിക രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് പ്രതിനിധിയോട് മാപ്പു പറയണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ ഭാട്ടിയ മാപ്പു പറയാന്‍ വിസമ്മതിച്ചു. താന്‍ പെറ്റിക്കോട്ട് ധരിക്കുന്നതുകൊണ്ട് ധൈര്യശാലിയല്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നും റുബിക ഭാട്ടിയയോട് ചോദിച്ചു.

Exit mobile version