ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തു. ജമ്മു കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം പ്രദേശത്ത് സുരക്ഷാ സേനകള്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്തിരുന്നു. അതിനിടെ പാകിസ്ഥാനിയടക്കം രണ്ട് ജയ്ഷെ മുഹമ്മദ് ഇ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
അതേസമയം നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സേന ആക്രമണം നടത്തിയതായി കരസേന ഇന്നും റിപ്പോര്‍ട്ട് ചെയ്തു. ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്കിയ ശേഷമാണ് സ്ഥിതി ശാന്തമായതെന്ന് കരസേന അറിയിച്ചു.
സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്. നിയന്ത്രണ രേഖയില്‍ മിസൈല്‍ ലോഞ്ചറുകള്‍ അടക്കം ഉപയോഗിച്ചാണ് പാക് പ്രകോപനമെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. സേന ശക്തമായി തിരിച്ചടിച്ചു.
Discussion about this post