ഷാംലി: പുല്‍വാമയിലെ ആക്രമണത്തിന് ബദിലായി പാക് അധീന കാശ്മീരായ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തങ്ങള്‍ക്ക് കാണണണെന്ന ആവശ്യമുയര്‍ത്തി വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ രംഗത്ത്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിയായ പ്രദീപ് കുമാറിന്റേയും മെയിന്‍പുരി സ്വദേശിയായ രാം വക്കീലിന്റേയും ബന്ധുക്കളാണ് ഇത്തരമൊരു ആവശ്യം മുന്പോട്ട് വെച്ചിട്ടുള്ളത്. കൃത്യമായ മരണ സംഖ്യ ഇതുവരെയും പുറതത് വിടാത്ത സാഹചര്യത്തിലാണ് കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തങ്ങള്‍ക്ക് കാണണമെന്ന ആവശ്യവുമായി ജവാന്മാരുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്.
വ്യോമാക്രമണത്തിന്റെ കൃത്യമായ തെളിവ് ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന സമീപനത്തെ തങ്ങള്‍ എതിര്‍ക്കുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ‘പുല്‍വാമയില്‍ ഞങ്ങളുടെ എല്ലാമായിരുന്നവരുടെ കൈയ്യും കാലും തലയുമെല്ലാം അറ്റനിലയിലും ചിന്നിച്ചിതറിയ നിലയിലുമാണ് കണ്ടത്. അത് ചെയ്തവര്‍ക്കും അതേഗതി തന്നെ ഉണ്ടായെന്ന് പറയുന്നു. അത് ഞങ്ങള്‍ക്ക് കാണണം. പ്രത്യാക്രമണം നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. എവിടെയാണ് അത് നടന്നത്?
എന്തെങ്കിലും തെളിവുണ്ടോ? തെളിവില്ലാതെ എങ്ങനെ ഞങ്ങള്‍ അത് വിശ്വസിക്കും? പാകിസ്താന് പറയുന്നു. ആക്രമണത്തില്‍ ഒരു നഷ്ടവും അവര്‍ക്ക് സംഭവിച്ചിട്ടില്ലെന്ന്. അപ്പോള്‍ പിന്നെ ഒരു തെളിവുപോലും ഇല്ലാതെ നടത്തുന്ന ഈ പ്രസ്താവനകളെ എങ്ങനെ വിശ്വസിക്കും.-പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന് രാം വക്കീലിന്റെ സഹോദരി രാം രക്ഷ രോഷത്തോടെ ചോദിക്കുന്നു. തെളിവ് കാണിക്കൂ..എന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമാകു. എന്റെ സഹോദരന്റെ ജീവത്യാഗത്തിന് പകരം വീട്ടി എന്ന സമാധനമെങ്കിലും ഉണ്ടാകും. ‘- അവര്‍ പറഞ്ഞു.
കൊല്ലപ്പെട്ട സൈനികന് പ്രദീപ് കുമാറിന്റെ അമ്മ സുലേലതയും ഇതേ ആവശ്യം ഉന്നയിച്ചു. ‘ ഞാന്‍ സംതൃപ്തരല്ല. ഒരുപാട് മക്കളുടെ ജീവന് നഷ്ടമായി. എന്നാല്‍ മറുഭാഗത്ത് ആരും കൊല്ലപ്പെട്ടത് ഞങ്ങള്‍ കണ്ടില്ല. കൃത്യമായ ഒരു വാര്‍ത്തയും കണ്ടില്ല. ഞങ്ങളുടെ മക്കള്‍ ജീവനറ്റ് കിടക്കുന്നത് ടിവിയിലൂടെ കാണേണ്ടി വന്നു. അതുപോലെ തീവ്രവാദികളുടെ മൃതദേഹവും ഞങ്ങള്‍ക്ക് കാണണം. അവരും ഇതുപോലെ മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കാണണം.
Discussion about this post