ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം മുതലെടുത്ത് കേന്ദ്രമന്ത്രിമാരെയും നേതാക്കളുടെയും ശബ്ദം ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിച്ച കേസില്‍ വീഡിയോ വ്ളോഗര്‍ അറസ്റ്റില്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും ശബ്ദം ഉപയോഗിച്ചാണ് വ്യാജ വീഡിയോ പ്രചരിച്ചത്. സംഭവത്തില്‍ വ്ളോഗറായ അവി ദാണ്ടിയക്കെതിരെ കേസ് എടുത്തു. വ്യാജ വീഡിയോ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കി എന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കളെ കുറിച്ചും പ്രതിരോധ, ആഭ്യന്തര വകുപ്പുകളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് ദാണ്ടിയ യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐപിസിയിലെ സൈബര്‍ സെല്‍ വകുപ്പുകള്‍ അനുസരിച്ച് വീഡിയോ ബ്ലോഗര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം ഇതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു വീഡിയോ. പ്രശസ്തയായ ടിവി അവതാരകയുടെ മുഖവും വീഡിയോയില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്തിരുന്നു.
Discussion about this post