ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യകൂടി രംഗത്ത്. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് രാം വക്കീലിന്റെ ഭാര്യ ഗീതാ ദേവിയാണ് തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്മാരുടെ മൃതശരീരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു, എന്നാല്‍ അത്തരത്തില്‍ യാതൊരു തെളിവും ബലാകോട്ട് ആക്രമണത്തിന് ശേഷം കണ്ടെത്താനായിട്ടില്ലെന്ന് ഗീതാ ദേവി പറഞ്ഞു. ബലാകോട്ടില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാം വക്കീലിന്റെ സഹോദരി രാംരക്ഷയും പറഞ്ഞു.
300ഓളം ആളുകള്‍ കൊല്ലപ്പെട്ടെന്ന് പറയുമ്പോള്‍ അതിന് എന്തെങ്കിലും തെളിവും നല്‍കണം. അല്ലാതെ ആക്രമണം നടന്നെന്നും ഭീകരര്‍ കൊല്ലപ്പെട്ടെന്നും തങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ ചോദിക്കുന്നു.
ഉത്തര്‍പ്രദേശിലെ മെയിന്‍പുര്‍ സ്വദേശിയാണ് രാം വക്കീല്‍. ഒരു മാസത്തെ അവധിക്ക് ശേഷം ഫെബ്രുവരി 11നായിരുന്നു കാശ്മീരിലേക്ക് തിരികെ പോയത്. നാലിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മൂന്ന് ചെറിയ കുട്ടികളാണ് ഇവര്‍ക്കുള്ളത്.
Discussion about this post