കര്‍ഷകരുടെ ട്രെയിന്‍ ഉപരോധം തുടരുന്നു; പഞ്ചാബില്‍ 34 ട്രെയിനുകള്‍ റദ്ദാക്കി

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് 34 ട്രെയിനുകള്‍ റദ്ദാക്കുകയും 17 ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് 34 ട്രെയിനുകള്‍ റദ്ദാക്കുകയും 17 ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

പഞ്ചാബിലെ അമൃത്സറില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ട്രെയിനുകള്‍ ഉപരോധിക്കുന്നത്. ജണ്ട്യാലയില്‍ ഡല്‍ഹി-അമൃത്സര്‍ പാതയിലോടുന്ന ട്രെയിനുകള്‍ക്ക് മുന്നിലാണ് ഉപരോധം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുക, കര്‍ഷക വായ്പകള്‍ പൂര്‍ണ്ണമായി എഴുതി തള്ളുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

കര്‍ഷക ആത്മഹത്യകളെക്കുറിച്ചും ഇവര്‍ പരാമര്‍ശിക്കുന്നുണ്ട്. തിങ്കളാഴ്ച കര്‍ഷക സമരംമൂലം 22 ട്രെയിനുകള്‍ റദ്ദാക്കുകയും 24 എണ്ണം തിരിച്ചുവിടുകയും ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു. മാര്‍ച്ച് ഒന്നിനാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.

”ഒന്നുകില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുക അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കുക എന്ന് സര്‍ക്കാരിനോട് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അനുകൂലമായ മറുപടി ലഭിക്കാതിരുന്നത് കൊണ്ടാണ് ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് എത്തിയത്.” കര്‍ഷക സംഘടന അധ്യക്ഷന്‍ സത്‌നം സിംഗ് പന്നു വ്യക്തമാക്കി.

മീറ്റിം?ഗുകള്‍ക്കോ മറ്റ് ചര്‍ച്ചകള്‍ക്കോ തയ്യാറല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനുകള്‍ നിര്‍ത്തി വയ്ക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വളരെയധികം യാത്രാക്ലേശം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Exit mobile version