ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനം അറിയിക്കും. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ പരിഗണിക്കവേ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിനെ രാം ജന്മഭൂമി ന്യാസും മറ്റ് ഹിന്ദുസംഘടനകളും ശക്തമായി എതിര്‍ത്തു.
പല തവണ ശ്രമിച്ചതാണെന്നും പരാജയപ്പെട്ടെന്നും ആണെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. തുടര്‍ന്ന് കേസില്‍ തീരുമാനമെടുക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മധ്യസ്ഥചര്‍ച്ച വിജയിക്കാന്‍ 1% മാത്രമേ സാധ്യതയുള്ളൂ എങ്കിലും അത് പരിശോധിക്കേണ്ടതാണ് – എന്നാണ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയിരുന്നു.
അയോധ്യ കേസ് വ്യക്തിപരമായ സ്വത്ത് തര്‍ക്കമല്ലെന്നും, ബന്ധങ്ങളിലെ മുറിവുണക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇക്കാര്യങ്ങള്‍ രഹസ്യസ്വഭാവമുള്ളതാകുമെന്നും, പുറത്ത് അറിയിക്കില്ലെന്നും ബോബ്ഡെ വ്യക്തമാക്കി. കേസിലെ അപ്പീല്‍ ഹര്‍ജികളില്‍ ഇനിയും വാദം തുടങ്ങാനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത കക്ഷികള്‍ക്ക് പരിശോധിക്കാന്‍ ഹര്‍ജികളിലെ വാദം ഒന്നരമാസത്തേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post